Home Movie Review Poomaram review Movie Review by BMK | Starring Kalidas Jayaram & Directed...

Poomaram review Movie Review by BMK | Starring Kalidas Jayaram & Directed by Abrid Shine

881
0
SHARE

Movie Review: “Poomaram” by Balu Murali Krishna [BMK]

Directed by:Abrid Shine
Produced by:Paul Varghese & Abrid Shine
Written by:Abrid Shine
Music by:Faisal Razi,Gireesh Kuttan
Gopi Sundar (score)
Cinematography:Gnaanam
Distributed by:Central Pictures
Release date:15 March 2018
Running time152 minutes
Language:Malayalam
Starring:Kalidas Jayaram

ആമുഖം:

ഒടുവിൽ പൂമരം പൂത്തു….

കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം,എബ്രിഡ് ഷൈൻ എന്ന പ്രതിഭാശാലിയായ സംവിധായകൻ “1983”, “ആക്ഷൻ ഹീറോ ബിജു ” എന്നീ രണ്ടു നിരൂപക പ്രശംസയും,

ജനപ്രീതിയും നേടിയ ചിത്രങ്ങൾക്ക് ശേഷം ഒരുക്കുന്ന ചിത്രം, ഒരുപാടു തവണ റിലീസ് തീയതി പ്രഖ്യാപിക്കുകയും പിന്നീട് മാറ്റുകയും, അതുമൂലം സോഷ്യൽ മീഡിയ ട്രോളുകളിലൂടെ സജീവമാക്കി രണ്ടു വർഷത്തോളം നിലനിർത്തിയതുമായ ചിത്രം ,”പിന്നെ ഞാനും ഞാനുമെന്റാളും” എന്ന വയറൽ ഗാനം …. അങ്ങെനെ റിലീസിന് മുൻപ് പൂമരം പ്രേക്ഷകന് നൽകിയ പ്രതീക്ഷകൾ ഏറെയാണ്.

പൂമരം പ്രേക്ഷകന് സമ്മാനിക്കുന്നത് എന്ത് ? എന്നാണീ നിരൂപണം പരിശോധിക്കുന്നത്.

കഥാസാരം:

മഹാത്മാ സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കുന്ന കൊച്ചിയിലെ പ്രശസ്‌തമായ രണ്ടു കലാലയങ്ങൾ…ഗൗതമൻ(കാളിദാസ്) ചെയർമാനായ മഹാരാജാസ്  കോളേജും പിന്നെ വർഷങ്ങളായി കലാകിരീടം സ്വന്തമാക്കി കൊണ്ടിരിക്കുന്ന സെന്റ് തെരേസാസ്  കോളേജും…ഇവർക്കൊപ്പം കേരളത്തിലെ പ്രമുഖമായ മറ്റു പല കോളേജുകളും ക്യാമ്പസ്സിന്റെ ഉത്സവമായ ഈ മത്സരത്തിൽ മാറ്റുരയ്ക്കുന്നു….. കിരീടം നിലനിർത്താൻ സെന്റ് തെരേസാസ് കോളേജും ഉയിർ കൊടുത്തും കിരീടം നേടാൻ മഹാരാജാസും യുവജനോത്സവ വേദിയിൽ എത്തുന്നു.

പോയിന്റ് നില മാറി മാറി ഒടുവിൽ മത്സരം  ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എത്തുമ്പോൾ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുകയും,അതിനെ കുട്ടികൾ എങ്ങെനെ അതിജീവിക്കുന്നു എന്നും കലാകിരീടം ആര് സ്വന്തമാക്കുമെന്നും കാണിക്കുന്നിടത്തു പൂമരം പൂർത്തിയാവുന്നു.

അപഗ്രഥനം :

റിയലിസ്റ്റിക് സിനിമയുടെ വക്താവാണ് എബ്രിഡ് ഷൈൻ എന്ന് അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് നമുക്ക് ബോദ്ധ്യമായ കാര്യമാണ്. വ്യക്തമായ ഒരു കഥയോ തിരക്കഥാഘടനയോ ഇല്ലാതെ ഏതെങ്കിലും ഒരു വിഷയത്തിൽ ഊന്നി  ആ കഥാ പരിസരത്തു (ഉദാ: “ആക്ഷൻ ഹീറോ” യിൽ പോലീസ് സ്റ്റേഷനും “1983” യിൽ ക്രിക്കറ്റും) സംഭവിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങളെ ഒരു നൂലിൽ കോർത്തെന്ന പോലെ സ്വാഭാവികമായി പെരുമാറുന്ന കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് എബ്രിഡ് ഷൈൻ ശൈലി, ആ പതിവ് പൂമരത്തിലും അദ്ദേഹം പിൻതുടരുന്നു. ഇക്കുറി കഥാ പരിസരം യുവജനോത്സവവേദിയാണെന്നു മാത്രം.

യാതൊരു സിനിമാറ്റിക്  ചേരുവകകളും ഇല്ലാതെ  ആദ്യ ഷോട്ടിൽ തന്നെ ലളിതമായി കാളിദാസനെ അവതരിപ്പിച്ചപ്പോൾ പൂമരം തുടക്കത്തിൽ പ്രേക്ഷകന് പ്രതീക്ഷകൾ നൽകുന്നു .എന്നാൽ പിന്നീട് ചിത്രത്തിന്റെ ആദ്യ അരമണിക്കൂർ സ്‌ക്രീനിൽ നാം  കാണുന്ന രംഗങ്ങൾ നമുക്ക് സമ്മാനിക്കുന്നത് നിരാശയാണ്.

“പൊട്ടിയ പട്ടം പോലെ ലക്ഷ്യബോധമില്ലാതെ ചിത്രം സഞ്ചരിക്കുകയാണ്.”

കാളിദാസ് തന്റെ അച്ഛനുമായി സിനിമയുടെ തുടക്കത്തിൽ നടത്തുന്ന ദീർഘമായ  സംഭാഷണം പ്രേക്ഷകന്  ആദ്യ കല്ല്കടി സമ്മാനിക്കുന്നു.സംഭാഷണത്തിലെ അതിഭാവുകത്വവും  അത് പറയുന്നതിലെ അസ്വാഭാവികതയും നല്ല കലയെ കുറിച്ച് ഏതോ ഒരു  പ്രഭാഷണം അടിച്ചേൽപ്പിക്കുന്ന അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.

അതുപോലെ കോളേജിലെ ഒരു അധ്യാപകൻ,ശോകമൂകമായ ഒരു കവിത (കവിതയുടെ വരികൾ നല്ലതാണെങ്കിൽ കൂടി) പാടുകയും അത് കേട്ടുകൊണ്ട് കാളിദാസ് ഉൾപ്പടെ കുറച്ചു കുട്ടികൾ ഇരുട്ടിൽ ഇരിക്കുന്ന ഒരു സീൻ വിരസതയ്‌ക്കൊപ്പം മടുപ്പും സമ്മാനിക്കുന്നു.

അതുപോലെ യുവജനോത്സവത്തിൽ  പങ്കെടുക്കുന്ന ഒരു കോളേജിലെ വിദ്യാർഥികൾ ഒരു മൈം  പരിശീലിക്കുന്ന ഒരു രംഗം ഉണ്ട് …. ആ മൈം പൂർണമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. മൈം നല്ലതാണെങ്കിൽ കൂടി അതിന്റെ വിഷയതീവ്രതയൊന്നും   പ്രേക്ഷകന് കിട്ടുന്നില്ല. അങ്ങെനെ പ്രത്യേകിച്ച് കാര്യമായി ഒന്നും സംഭവിക്കാതെ ഒന്നാം പകുതി പൂർത്തിയായി ഇടവേള വരുന്നു.

ഇടവേളക്കു ശേഷം നാ കാണുന്നത് യുവജനോത്സവ വേദിയിൽ സംഭവിക്കുന്ന ചെറുതും വലുതുമായ സ്വാഭാവിക സംഭവങ്ങളാണ്.

മോണോആക്റ്റും,മിമിക്രിയും, മോഹിനിയാട്ടവും,മൈമും, വിധികർത്താക്കളും മത്സരാത്ഥികളും തമ്മിലുള്ള കലഹവും,കൊച്ചു കൊച്ചു പ്രണയങ്ങളും, മത്സരത്തിന്റെ പിരിമുറക്കവും, വിജയിക്കുമ്പോൾ മത്സരാർത്ഥികൾക്ക് ഉണ്ടാവുന്ന സന്തോഷവും,തോൽക്കുമ്പോൾ പ്രകടിപ്പിക്കുന്ന നിരാശയും എല്ലാം സ്‌ക്രീനിൽ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു  എബ്രിഡ് ഷൈൻ. ഇടയ്ക്കു ആക്ഷൻ ഹീറോ ബിജുവിൽ നാം കണ്ട പോലീസ് സ്റ്റേഷൻ രംഗങ്ങൾ മറ്റൊരു രീതിയിൽ ആവർത്തിച്ചിട്ടുമുണ്ട് എബ്രിഡ് ഷൈൻ ..

വാശിയും വിധ്വേഷവും,രാഷ്ട്രീയ സംഘട്ടനവും നിറഞ്ഞ കലുഷിതമായ  അന്തരീക്ഷമല്ല ക്യാമ്പസ്സിൽ ഉണ്ടാവേണ്ടത്, മറിച്ചു സ്നേഹത്തിന്റെയും ,ഒത്തൊരുമയുടെയും നന്മയുടെയും  പ്രകാശമാണ് ക്യാമ്പസ്സിൽ തെളിയേണ്ടത്  എന്ന നല്ല സന്ദേശത്തോടുകൂടിയാണ്  പൂമരം എബ്രിഡ് ഷൈൻ ക്ലൈമാക്സിൽ പൂർത്തിയാക്കുന്നത്.

ഗാനങ്ങൾ,സംഗീതം:

ചിത്രത്തിന്റെ തുടക്കത്തിൽ പേര് എഴുതി കാണിക്കുമ്പോൾ പാട്ടു എഴുതിയവരുടെയും,സംഗീതം ചെയ്തവരുടെയും,പാടിയവരുടെയും ഒരു വളരെ  നീണ്ട ലിസ്റ്റ് കാണുമ്പോൾ തന്നെ അറിയാം ഇത് സംഗീതപ്രാധാന്യമുള്ള ഒരു ക്യാമ്പസ് ചിത്രമായിരിക്കും എന്ന്. പത്തോളം ഗാനങ്ങൾ(കവിത ഉൾപ്പടെ) കൊണ്ട് സമ്പുഷ്ടമാണ് പൂമരം..എല്ലാ ഗാനങ്ങളും നല്ല വരികളും,അതിനു ചേർന്ന സംഗീതവും കൊണ്ട് സുന്ദരമാണ് എന്ന് എടുത്തു പറയാതെ വയ്യ.

കൂട്ടത്തിൽ മികച്ചത് “ഞാനും ഞാനുമെന്റാളും”,”കടവത്തു തോണി”എന്നി രണ്ടു ഗാനങ്ങളാണ് , ക്ലൈമാക്സിൽ അവതരിപ്പിക്കുന്ന ഗാനവും ശക്തമായ വരികളും, ചടുലമായ സംഗീതവും കൊണ്ട് ശ്രദ്ധേയമാണ്. (ഇത്രയധികം ഗാനങ്ങൾ ചിത്രത്തിന് ആവശ്യമുണ്ടോ എന്നത് ചിന്തനീയമായ ചോദ്യമാണ് ?)

“പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ കാവ്യഭംഗി കൂട്ടുന്ന മറ്റൊരു ഘടകം.”

ഛായാഗ്രഹണം,എഡിറ്റിംഗ് :

പൂമരത്തിന്റെ ഛായാഗ്രാഹകൻ വളരെ അനുപമമായ ദൃശ്യഭംഗി തന്റെ കാമറ കണ്ണുകളിൽ കൂടെ പ്രേക്ഷകന് നൽകുന്നു..യാഥാർഥ്യവുമായി സാമ്യം തോന്നുന്ന സ്വാഭാവികമായ സംഭവങ്ങൾ ഒരു സിനിമയാണെന്ന് ധ്വനിപ്പിക്കാതെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പൂർണമായി വിജയം നേടുന്നു.

പൂമരത്തിന്റെ എഡിറ്റിംഗും വളരെ മികച്ചതാണ്, ചെറിയ നോട്ടങ്ങളും, നടത്തവും, ചലനങ്ങളും അതീവ ചാരുതയോടെ എഡിറ്റ് ചെയ്തിരിക്കുന്നു.

അഭിനയം:

കാളിദാസ് ജയറാമിന് ലഭിച്ച ഗൗതമൻ എന്ന ചെയർമാൻ  കഥാപാത്രം അഭിനയസാധ്യതയുള്ള ഒരു വേഷമല്ല.

ഏറിയപങ്കും ക്യാമ്പസ്സിലൂടെ നടക്കാൻ മാത്രം വിധിക്കപെട്ട ഒരു വേഷമായി പോയി അദ്ദേഹത്തിന് തന്റെ  കന്നി ചിത്രത്തിൽ ലഭിച്ചത്. എങ്കിലും മലയാള സിനിമയിൽ ശക്തമായ ഒരു സാന്നിത്ഥ്യമായി  മാറാൻ  കഴിവുള്ള  ഒരു യുവ പ്രതിഭ തന്നെയാണ് എന്ന് തെളിയിക്കാൻ പൂമരത്തിലൂടെ കാളിദാസിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.

ചിത്രത്തിലെ ഭൂരിഭാഗം നടീനടന്മാരും പുതിയ മുഖങ്ങളാണ്. വിദ്യാർത്ഥികളായി എത്തുന്ന ചിലർ ഗംഭീര പ്രകടനം നടത്തിയപ്പോൾ  അമിതാഭിനയവും  അതിഭാവുകത്വവും  കലർന്ന അഭിനയത്തിലൂടെ ചിലർ നിരാശപെടുത്തുകയും ചെയ്തു.

സെന്റ് തെരേസാസ് കോളേജ് ചെയർപേഴ്സൺ ആയി അഭിനയിച്ച കുട്ടി കഥാപാത്രം ആവശ്യപ്പെടുന്ന ചുറുചുറുക്കും പ്രസരിപ്പും എല്ലാം നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതിലൂടെ പ്രേക്ഷക കയ്യടി നേടുന്നു.

അഥിതി താരങ്ങളായി മീരാജാസ്മിനും കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ കഥാഗതിയിൽ അനുയോജ്യമായ രംഗങ്ങളിൽ മുഴച്ചുനിൽകാത്ത സാന്നിത്ഥ്യമായി  സ്‌ക്രീനിൽ വന്നു പോകുന്നു.

ഉപസംഹാരം:

പൂമരം എല്ലാത്തരം  പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ക്യാമ്പസ് ചിത്രമല്ല.യുവജനോത്സവ മത്സരങ്ങളിൽ പങ്കെടുക്കുകയും അതിന്റെ സന്തോഷവും സങ്കടങ്ങളും, കഷ്ടപ്പാടുകളും, കൂട്ടായ്മയും ഒക്കെ അനുഭവിച്ചവർക്കു “പൂമരം” എന്ന ചിത്രം ആ ഗൃഹാതുരത്വമുണർത്തുന്ന ഗതകാല.

ഓർമകളിലേക്ക് കൂട്ടികൊണ്ടു  പോകുന്ന ഒരു നവ്യാനുഭവം നല്കുമെന്നതിൽ തർക്കമില്ല. മറ്റുള്ളവർക്ക് പൂമരം എന്ന സിനിമയുടെ സ്വീകാരികത അവരുടെ വ്യക്തിപരമായ ആസ്വാദനത്തെ ആശ്രയിച്ചിരിക്കും.

Rating:2.5/5

Review by:B.M.K
18.03.2018

SHARE
Previous articleEk Do Teen Song – Official Song Teaser | Baaghi 2 | Jacqueline Fernandez
Next articleTanka Takkara Official Video Song | Naam Malayalam Movie | Joshy Thomas Pallickal | Shabareesh
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here