Home Movie Review Panchavarnathatha Movie Review by BMK | Starring Jayaram

Panchavarnathatha Movie Review by BMK | Starring Jayaram

853
0
SHARE

Movie Review:”Panchavarnathatha” (2018)  By Balu Murali Krishna [BMK]

Direction: Ramesh Pisharody
Producer: Maniyanpilla Raju
Story & Screenplay: Hari P. Nair & Ramesh Pisharody
Starring: Jayaram, Kunchacko Boban, Dharmajan Bolgatty, Salim Kumar, Anusree
Music: M. Jayachandran & Nadirshah
Background score: Ouseppachan
Cinematography: Pradeep Nair
Editor: V. Sajan
Banner: Maniyanpilla Raju Productions
Distribution: Saptha Tarang Cinema

Release date:14 April 2018

Language: Malayalam

അവതാരകനായും, സ്കിറ്റുകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും ശുദ്ധമായ നർമത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനുഗ്രഹീത കലാകാരനാണ് രമേശ് പിഷാരടി. അദ്ദേഹം ആദ്യമായി സിനിമാ സംവിധായകന്റെ  കുപ്പായം അണിയുന്ന ചിത്രമാണ് “പഞ്ചവർണതത്ത”.

നല്ല ഒരുപിടി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച  മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം സപ്ത തരംഗ് സിനിമ, വിഷുക്കാല  ഉത്സവ ചിത്രമായി തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു.

ജയറാം, കുഞ്ചാക്കോ ബോബൻ, മല്ലിക സുകുമാരൻ, അനുശ്രീ, ധർമജൻ ബോൾഗാട്ടി, സലിംകുമാർ, പ്രേംകുമാർ, അശോകൻ, ജോജു എന്നിവരോടൊപ്പം കുറെയധികം ഭംഗിയുള്ള  പക്ഷികളും മൃഗങ്ങളും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി  എത്തുന്നു.

പഞ്ചവർണതത്ത പേരുപോലെ മനോഹരമോ???എന്നാണീ നിരൂപണം പരിശോധിക്കുന്നത്..

കഥാസാരം:

ജനങ്ങളുടെ നേതാവായിരുന്ന അച്ഛന്റെ മരണത്തെ തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ വിജയിച്ചാണ് കലേഷ് (കുഞ്ചാക്കോ ബോബൻ) എം ൽ എ ആയതു എന്നാണ് അദ്ദേഹത്തിന്റെ അമ്മപോലും  (മല്ലിക സുകുമാരൻ)  പറയുന്നത്.ചിത്ര എന്നാണ്  പേരെങ്കിലും പാട്ടു പാടാൻ അറിയില്ലാത്ത കലേഷിന്റെ ഭാര്യയായി അനുശ്രീ വേഷമിടുന്നു.

കലേഷിന് പരിചയമുള്ള സമ്പന്നനായ സുഹൃത്തു  എബ്രഹാം (മണിയൻപിള്ള രാജു) അദ്ദേഹത്തിന്റെ ഭാര്യയും മകനുമൊപ്പം താമസിക്കുന്നത്  സമ്പന്നർ മാത്രം താമസിക്കുന്ന  ഒരു റെസിഡൻഷ്യൽ  കോളനിയിലാണ്.

അബ്രഹാമിന്റെ വീടിനു ചേർന്ന് തൊട്ട് അയൽവാസിയായി താമസിക്കുന്നത് മൊട്ടത്തലയും വലിയ വയറുമുള്ള മൃഗസ്നേഹിയായ ഒരു സാധു മനുഷ്യനാണ്(ജയറാം).

അവിടെ അയാൾ ആന, കഴുത, പട്ടികൾ, പൂച്ചകൾ, ഒട്ടകം, വിവിധയിനം  പക്ഷികൾ എന്നിവയെ എല്ലാം  സ്നേഹിച്ചു പരിപാലിക്കുന്നു. പണ്ട് സർക്കസ് കളിയ്ക്കാൻ  വന്നു അവിടെ പെട്ട് പോയതാണ് ഊരും പേരുമില്ലാത്ത ഈ കഥാപാത്രം.

അങ്ങെനെയിരിക്കെ ആ മണ്ഡലത്തിൽ ഇലെക്ഷൻ പ്രഖ്യാപിക്കുകയും  സ്ഥാനാർഥികളായി കലേഷും അഡ്വ.ജിമ്മിയും(സലിംകുമാർ) മത്സരിക്കുകയും ചെയ്യുന്നു.

ചില സംഭവ വികാസങ്ങളെ തുടർന്ന് ഒരു പ്രത്യേക ചുറ്റുപാടിൽ ജയറാമിന്റെ കഥാപാത്രം തന്റെ മൃഗങ്ങളെയും കൊണ്ട് കലേഷിന്റെ വീട്ടിലേക്കു താമസം മാറ്റുകയും തുടർന്ന് അവർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും, ബന്ധങ്ങളുമാണ് കുറെ നർമ്മവും കുറച്ചു നൊമ്പരവും ഇടകലർത്തി  രമേശ് പിഷാരടി തന്റെ ആദ്യ ചിത്രമായ പഞ്ചവർണത്തത്തയിലൂടെ പറയുന്നത്.

നിരൂപണം:

സസ്പെൻസോ, ട്വിസ്റ്റോ, സാഹസിക ആക്ഷൻ രംഗങ്ങളോ, സങ്കീർണതകളോ, സംഘർഷങ്ങളോ ഇല്ലാതെ കുറച്ചു കഥാപാത്രങ്ങൾ അവരുടെ ചുറ്റുപാടിൽ സംഭവിക്കുന്ന ചെറുതും  വലുതുമായ സംഭവങ്ങളിൽ എങ്ങനെ പെരുമാറുന്നു എന്ന് വളരെ ലളിതമായി അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവർണതത്ത.

ചിത്രത്തിലെ കഥാപാത്രങ്ങളെ കോർത്തിണക്കി കുറെ സീനുകൾ ഒരു സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അദ്യ പകുതിയിലെ ആദ്യമണിക്കൂറുകൾ.

ഇടവേളക്കു ശേഷമാണ്‌ ചിത്രം ശരിക്കും അതിന്റെ  ഗൗരവമുള്ള കഥ പറഞ്ഞു തുടങ്ങുന്നത്. ക്ലൈമാക്സിനോടടുക്കുമ്പോൾ ചിത്രം ജീവിതത്തിൽ ഉണ്ടാവേണ്ട നന്മയെയും ബന്ധങ്ങളുടെ ഊഷ്മളതയേയും പ്രതിപാദിച്ചു അല്പം നൊമ്പരപ്പെടുത്തുന്ന  ഓർമ്മകൾ സമ്മാനിച്ച് പര്യവസാനിക്കുന്നു.

അശ്ളീലമോ ദ്വയാർത്ഥപ്രയോഗങ്ങളോ ഇല്ലാതെ നല്ല നർമ്മത്തിൽ ചാലിച്ച ചില ഗംഭീര രംഗങ്ങളും സംഭാഷണവും പ്രേക്ഷകന് നല്ല ചിരി സമ്മാനിക്കുന്നു എന്നത് ഒരു സത്യസന്ധമായ വസ്തുതയാണ്.

അതിനുപക്ഷേ  ടെലിവിഷനിൽ നാം കാണുന്ന രസമുള്ള ഒരു സ്കിറ്റ്നു അപ്പുറം രണ്ടുമണിക്കൂറിൽ കൂടുതൽ ദൈർഖ്യമുള്ള മുഴുനീള കൊമേർഷ്യൽ ചിത്രമായി അവതരിപ്പിക്കാനുള്ള മേന്മ ഇല്ലാതെ പോകുന്നു.

കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ നല്ല ഒരു പിടി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ജയറാം.

എന്നാൽ സമീപകാലത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഒരു താരം എന്ന നിലയിലും അഭിനേതാവെന്ന നിലയിലും അദ്ദേഹത്തിന് തന്നെ കളങ്കം ചാർത്തുന്നതായിരുന്നു ….എന്നാൽ വലിയ ചെവിയും,വയറും, മൊട്ടത്തലയും ഒക്കെയുള്ള, പ്രത്യേക  രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന പഞ്ചവർണതത്തയിലെ പേരില്ലാകഥാപാത്രം  ഒരുപാടു കാലത്തിനു ശേഷം ജയറാമിന് ലഭിച്ച മികച്ച വേഷമാണ്.അത് അങ്ങേയറ്റം ഭംഗിയായി അഭിനന്ദാർഹമായി അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

പതിവ് റൊമാന്റിക് വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായ കലേഷ് എന്ന എം ൽ എ വേഷം കുഞ്ചാക്കോ ബോബനും മോശമാക്കിയില്ല. അനുശ്രീയോടൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളും രസമുള്ളതായിരുന്നു. മല്ലികാസുകുമാരൻ,ധർമജൻ, അശോകൻ,പ്രേംകുമാർ,സലിംകുമാർ,ജോജു ജോർജ് എന്നിവരും അവരുടെ കഥാപാത്രത്തിനോട്  നൂറു ശതമാനം നീതി പുലർത്തി.

പഞ്ചവർണതത്ത എന്ന്  തുടങ്ങുന്ന ഗാനം കേൾക്കാൻ സുഖമുള്ളതാണ് മറ്റു രണ്ടു ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങുന്നു. മുന്ന് ഗാനങ്ങൾ ചിത്രത്തിൽ ശരിക്കും  ആവശ്യമുണ്ടായിരുന്നോ എന്നതും ഒരു ചിന്തിക്കേണ്ട വിഷയമാണ്. സേപ്പച്ചന്റെ പശ്ചാത്തല സംഗീതവും വലിയ  പുതുമകളൊന്നും സമ്മാനിക്കുന്നില്ല.

പക്ഷിമൃഗാദികളൊക്കെ കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിന് പ്രദീപ് നായർ നൽകിയ ഛായാഗ്രഹണം ചിത്രം ആവശ്യപ്പെടുന്ന രീതിയിൽ അനുയോജ്ജ്യമാണ്. ആവശ്യമില്ലാത്ത കുറെ അധികം രംഗങ്ങളും ഗാനങ്ങളും ചിത്രത്തിൽ രസംകൊല്ലിയായി കടന്നു  വരുന്നുണ്ട്.വി.സാജൻ എഡിറ്റിംഗിൽ കുറെ കൂടി ശ്രദ്ധിക്കണമായിരുന്നു.

അഭിനന്ദനം അർഹിക്കുന്ന മറ്റൊരു കാര്യം ഈ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന  ടൈറ്റിൽ കാർഡാണ്..സിനിമയുടെ പിന്നിൽ  ഒരുപാടു അധ്വാനിച്ച സാങ്കേതിക  പ്രവർത്തകരുടെയും  മറ്റു അണിയറ ശില്പികളുടെയും പേരുകൾ വൃത്തിയായും,വായിക്കാവുന്ന രീതിയിലും അവതരിപ്പിച്ചിരിക്കുന്നു.

ഉപസംഹാരം:

കെട്ടുറപ്പില്ലാത്ത ശക്തമായ ഒരു കഥയുടെയോ കരുത്തുള്ള ഒരു തിരക്കഥയുടെയോ പിൻബലമില്ലാതെ പുതുമയുള്ള രൂപഭാവങ്ങളുള്ള  ഒരു മൃഗസ്നേഹിയായ കഥാപാത്രത്തിനെ സൃഷ്ടിച്ചു,ഭംഗിയുള്ള കുറച്ചു പക്ഷികളെയും മൃഗങ്ങളെയും ആ കഥാപാത്രമായി കൂട്ടിയിണക്കി, പിന്നെ ഇവരുമായി ബന്ധപെട്ടു സ്‌ക്രീനിൽ വന്നു പോകുന്ന കുറെയധികം കഥാപാത്രങ്ങളിലൂടെ കോമഡി അവതരിപ്പിച്ചു അവസാനം ഒരു സന്ദേശ രൂപത്തിൽ അവസാനിപ്പിക്കുന്ന പഞ്ചവർണതത്ത  ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകന് സമ്മാനിക്കുന്നത് നിരാശ തന്നെയാണ്.

Rating:2.75/5

Review by:B.M.K
24.04.2018

SHARE
Previous articleLa La Laletta – Mohanlal | Manju Warrier & Indrajith Sukumaran | Prarthana Indrajith | Sajid Yahiya
Next articleTicket Sale Opened for ‘Venugeetham 2018’
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here