Home Movie Review Madhuraraja Movie Review by BMK | Starring Mammootty

Madhuraraja Movie Review by BMK | Starring Mammootty

852
0
SHARE

മൂവി റിവ്യൂ -മധുരരാജ ..!!

രണ്ടായിരത്തി പത്തിൽ പുറത്തിറിങ്ങി ഹിറ്റായി മാറിയ “പോക്കിരിരാജ” എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ രാജയെയും മറ്റു ചില കഥാപാത്രങ്ങളെയും അടർത്തിയെടുത്തു പുതിയ കഥാപരിസരത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് നെൽസൺ പൈ നിർമ്മിച്ച “മധുരരാജ”…

ഉദയകൃഷ്ണ തിരക്കഥയെഴുതി ഹിറ്റ് മേക്കർ വൈശാഖ് അണിയിച്ചൊരുക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് പ്രകടനവുമായി വിഷു ഈസ്റ്റർ ഉത്സവകാലത്തിറങ്ങിയ “മധുരരാജ” എന്ന ചിത്രം പ്രേക്ഷകരെ തൃപ്തരാക്കുന്ന ഒരു ചിത്രമാണോ എന്നാണീ നിരൂപണം പരിശോധിക്കുന്നത്….!!

മധുരരാജ “പോക്കിരിരാജയുടെ” രണ്ടാം ഭാഗമല്ല….മമ്മൂട്ടിയുടെ രാജ എന്ന ഇംഗ്ലീഷ് ഭാഷ തെറ്റായി ഉപയോഗിക്കുന്ന, ധനികനായ, പൊങ്ങച്ചം പറയുന്ന, ഗുണ്ടയായ കഥാപാത്രത്തെയും മറ്റു ചില കഥാപാത്രങ്ങളെയും എടുത്തു കൊമേർഷ്യൽ സിനിമയുടെ എല്ലാ ചേരുവകകളും ഉൾപ്പെടുത്തി ഉത്സവകാലത്തു മെഗാതാരത്തിന്റെ   ഫാൻസിനെ ലക്ഷ്യമിട്ടു ഇറക്കിയ ചിത്രമാണ് “മധുരരാജ”…

ചിത്രത്തിന്റെ ട്രെയ്‌ലറിലും, ടീസറിലും സിനിമയുടെ സ്വഭാവത്തെകുറിച്ചുള്ള  വ്യക്തമായ സന്ദേശം അണിയറപ്രവർത്തകർ പ്രേക്ഷകന് നൽകുന്നുണ്ട്….അതുകൊണ്ടു തന്നെ ഒരു മാസ്സ് മസാല ചിത്രം എന്ന മുൻ ധാരണയോട് കൂടി തന്നെയാവും ഓരോ പ്രേക്ഷകനും മധുരരാജയ്ക്കു ടിക്കറ്റ് എടുക്കുക …ഇനി ഇതെല്ലാം അറിഞ്ഞും, മനസ്സിലാക്കിയും തീയേറ്ററിൽ എത്തുന്ന പ്രേക്ഷകന് ‘മധുരരാജ’ സമ്മാനിക്കുന്നത് എന്താണ്???

ഉദയകൃഷ്ണ എന്ന മലയാളസിനിമയുടെ തിരക്കേറിയ, വിലപിടിപ്പുള്ള തിരക്കഥാകൃത്ത്  എഴുതിയ വളരെ ബലഹീനവും, ശുഷ്കവുമായ ഒരു തിരക്കഥയിൽ നിന്നുമാണ് “മധുരാജ” എന്ന രണ്ടു മണിക്കൂർ മുപ്പതു മിനുട്ട് ചിത്രം ഇതൾ വിരിയുന്നത് …..!! പറഞ്ഞു പഴകിയ ഇതിവൃത്തം…..!! കൃത്യമായ അളവിൽ ക്ലിഷേയ്  രംഗങ്ങളും, സംഭാഷണങ്ങളും കുത്തിനിറച്ചു ഒരുക്കിയ ഒരു തട്ടിക്കൂട്ട്  മസാല ചിത്രം …

പ്രേക്ഷകന് ഊഹിക്കുവാനും, പ്രവചിക്കുവാനും കഴിയുന്ന രീതിയിലാണ് ചിത്രത്തിലെ രംഗങ്ങൾ ആദ്യം മുതൽ ക്ലൈമാക്സ് വരെ പുരോഗമിക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ സിനിമയുടെ ആദ്യ രംഗങ്ങളിൽ ഒന്നിൽ ഒരു പോലീസുകാരൻ സ്വന്തം മകൾക്കു ഉമ്മ കൊടുത്തിട്ടു ഒരു കേസ് അന്വേഷണത്തിന് പോകുമ്പോൾ മകൾ നാളെ  എന്റെ പിറന്നാളാണ്….വേഗം വരണമെന്ന് പറഞ്ഞു ടാറ്റ കൊടുക്കുമ്പോഴേ അറിയാം ആ പോലീസുകാരൻ തട്ടിപോകുമെന്നു….!!

ഇങ്ങനെ പ്രേക്ഷകൻ എന്ത് വിചാരിക്കുന്നുവോ അത് തന്നെ സ്‌ക്രീനിൽ കാണുമ്പോൾ അത് തീർച്ചയായും പുതുമയേറിയ ആവിഷ്കാരം കൊണ്ടുവരുന്നതിൽ ഒരു തിരക്കഥാകൃത്ത് പരാജയപെട്ടു എന്ന് തന്നെയാണ് വെളിവാക്കുന്നത്…

ഒരു മസാല ത്രില്ലെർ ആസ്വാദ്യമാകുന്നത് കഥയിൽ അവിചാരിതമായി സംഘീർണതകൾ  വരുമ്പോഴാണ് …. സസ്പെൻസ് നിലനിർത്തുമ്പോഴാണ്..!!  ട്വിസ്റ്റുകൾ സംഭവിക്കുമ്പോഴാണ്…!!

പക്ഷേ ഇവിടെ ട്വിസ്റ്റുകൾ സലിം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ഇടക്കിടയ്ക്ക് ട്വിസ്റ്റ്, ട്വിസ്റ്റ് എന്ന് പറയുമ്പോൾ മാത്രമാണ് ഉണ്ടാവുന്നത്.

ഒരു വലിയ താരനിബിഡമായ ചിത്രമായി മധുരരാജയെ മാറ്റാൻ ഒരു പാട് താരങ്ങളെ ചിത്രത്തിൽ അണിനിരത്തിയിട്ടുണ്ട് … പക്ഷേ പലരും ചിത്രത്തിൽ ആവശ്യമില്ലാത്തവരോ, വെറുതെ വന്നു പോകുന്നവരോ ആയി മാറി എന്നതാണ് വസ്തുത …. കലാഭവൻ ഷാജോൺ, രമേശ്   പിഷാരടി, സുരാജ് വെഞ്ഞാറമൂട്, അങ്ങനെ പലരും സ്‌ക്രീനിൽ അപ്രസക്ത സാന്നിത്യങ്ങളായി മാറി….

സണ്ണി ലിയോൺ യുവാക്കളെ ആകർഷിക്കുമെങ്കിലും  ഇതിൽ കാണിക്കുന്ന ഐറ്റം ഡാൻസ് ചെയ്യാൻ ഇത്രയും വിലയേറിയ ഒരു താരത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നത് സ്വാഭാവികമായി പ്രേക്ഷകന് തോന്നാവുന്ന ഒരു സംശയമാണ് …..

കന്മദത്തിലെ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ ഒരു ഷേഡ്  നൽകി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് അനുശ്രീയുടെ വാസന്തി… പക്ഷേ എപ്പോഴും ഒച്ച വെയ്ക്കുന്ന ഒരു കഥാപാത്രമായി മാത്രം  ഒതുങ്ങി ഇതിലേ  വാസന്തി…. അനുശ്രീയുടെ പ്രകടനവും കല്ലുകടി സമ്മാനിക്കുന്നു.

മധുരരാജായിൽ  വില്ലനായി വീണ്ടും വൈശാഖ് അവതരിപ്പിക്കുന്നത് ജഗപതിബാബുവിനെയാണ്….പക്ഷേ പുലിമുരുകനിലെ ഡാഡി ഗിരിജയിൽ നിന്ന് മധുരരാജായിലെ വി.ആർ  നടേശനിൽ എത്തുമ്പോൾ നോക്കിലും, വാക്കിലും, നടപ്പിലും പ്രകടനത്തിലും വലിയ വ്യത്യാസമൊന്നും പ്രേക്ഷകന് ലഭിക്കുന്നില്ല…

മനോഹരൻ മംഗളോദയം എന്ന പോക്കിരിരാജയിലെ കഥാപാത്രമായി വീണ്ടും മധുരരാജയിൽ എത്തുന്ന സലിംകുമാറിനാണ് കോമഡിയുടെ ചുക്കാൻ വൈശാഖ് ഏൽപ്പിച്ചിരിക്കുന്നത്… സലിംകുമാറിന്റെ പല കൗണ്ടറുകളും അത്യാവശ്യം ചിരി പ്രേക്ഷകന് സമ്മാനിക്കുന്നുമുണ്ട്..

അതുപോലെ പല കഥാപാത്രങ്ങളെയും, രംഗങ്ങളെയും ഒരു സ്പൂഫ് രീതിയിൽ സലിംകുമാറിനെ കൊണ്ട് പരിചയപ്പെടുത്തുന്ന ഒരു ശൈലി  പുതുമയുള്ളതായി തോന്നി. അത് മനോഹരമായി സിനിമയിൽ വന്നിട്ടുമുണ്ട്.

ഒരു മാസ്സ് മസാല ചിത്രത്തിനനുയോജ്യമായ ബി. ജി.എം തന്നെയാണ് ഗോപി സുന്ദർ മധുരരാജയിൽ ഉപയോഗിച്ചിരിക്കുന്നത്… ഇടയ്ക്കുള്ള “തലൈവാ” ട്യൂൺ  തീയേറ്ററിൽ ആവേശം സമ്മാനിക്കുകയും ചെയ്യുന്നു.

മനോഹരമായ ക്യാമറ വർക്ക് തന്നെയാണ് മധുരരാജയിൽ ഷാജി കുമാറിന്റേത്‌. പക്ഷേ പല വിഷ്വൽസും, ആംഗിളും പുലിമുരുഗനെ ഓർമിപ്പിക്കുന്നു എന്നത് വിസ്മരിക്കാനാവില്ല……വേട്ടപ്പട്ടികൾ ചേസ് ചെയ്യുന്ന രംഗം ഗംഭീരമായി ക്യാമറയിൽ  പകർത്തിയിട്ടുമുണ്ട്.

ആക്ഷൻ- പീറ്റർ ഹെയ്‌ൻ എന്ന് സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകൻ സ്വാഭാവികമായും പലതും പ്രതീക്ഷിക്കും. “ഒടിയനിൽ” മങ്ങി പോയ പീറ്റർ മധുരരാജയിലെ സംഘട്ടനം മോശമാക്കിയില്ല…. വായുവിൽ ഉയർന്നു പൊങ്ങി അഞ്ചും, ആറും വില്ലന്മാരെ നായകൻ നിലംപരിശാക്കുന്ന ആക്ഷൻ കൊറിയോഗ്രാഫി  ആണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നതെങ്കിൽ കൂടിയും സംഭവം കാണുമ്പോൾ ത്രില്ലിങ്ങായി ഫീൽ ചെയ്യും…

മലയാളത്തിന്റെ  മെഗാതാരം മമ്മൂട്ടി തന്നെയാണ് മധുരരാജായുടെ ഞട്ടെല്ല്…. പ്രായത്തെ വെല്ലുന്ന മെയ്‌വഴക്കത്തോടെ അദ്ദേഹം സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.. പിന്നെ മുറി ഇംഗ്ലീഷും, ആസ്ഥാനത്തു പറയുന്ന തെറ്റായ  ഇംഗ്ലീഷ് സംഭാഷണങ്ങളും, അതിന്റെ പറയുന്ന ടൈമിങ്ങുമെല്ലാം പ്രേക്ഷകർക്ക് നല്ല ചിരി സമ്മാനിക്കുന്നു….

ഒരു പക്ഷേ അശ്ലീലവും ദ്വയാർത്ഥവും  കലർന്ന മറ്റു ചില കോമഡി രംഗങ്ങളെക്കാൾ മികച്ചു നിന്നതു മമ്മൂട്ടിയുടെ കോമഡി കൗണ്ടറുകൾ  തന്നെയാണ്.

കൊമേർഷ്യൽ സിനിമയുടെ മർമ്മമറിഞ്ഞ സംവിധായകനാണ് വൈശാഖ്….ഒരു ആവറേജ് തിരക്കഥയിൽ വിരിഞ്ഞ പുലിമുരുഗനെ, മേക്കിങ്ങിലൂടെ  മലയാളത്തിലെ ആദ്യ നൂറു കോടി ക്ലബ്ബിൽ കയറ്റിയ ആ മികവ് തന്നെയാണ് മധുരരാജയെയും രക്ഷിക്കുന്നത്.

ഉദയകൃഷ്ണ എഴുതിയ ഒരു സാധാരണ ക്ലിഷേയ് തിരക്കഥയെ കണ്ടിരിക്കുവാൻ കഴിയുന്ന ഒരു മാസ്സ് മസാല ചിത്രമാക്കി മാറ്റിയത് വൈശാഖ് എന്ന കൊമേർഷ്യൽ സംവിധായകന്റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്.

മധുരരാജാ ഒരു ഉത്തമ കുടുംബചിത്രമല്ല.. ശക്തമായ ഒരു കഥ പറയുന്ന ഗംഭീര ചിത്രവുമല്ല… കണ്ടും, കേട്ടും നമുക്ക് സുപരിചിതമായ ഒരു കഥയെ കൊമേർഷ്യൽ സിനിമയുടെ  എല്ലാ ചേരുവകകളും  ചേർത്ത് ഒരുക്കിയിരിക്കുന്ന ഒരു മാസ്സ് മസാല ഉത്സവകാല ചിത്രമാണ് വൈശാഖിന്റെ മധുരരാജാ…!! മെഗാതാരത്തിന്റെ ഫാൻസിനെ പൂർണമായും  തൃപ്ത്തിപെടുത്തുന്ന ഒരു ചിത്രം…മറ്റുള്ളവർക്ക് ഒരു തവണ കണ്ടിരിക്കാൻ കഴിയുന്ന ഒരു എന്റെർറ്റൈനെർ.. അതാണ് “മധുരരാജ”…!!!

Rating:3/5
Review by:
B.M.K

SHARE
Previous articleLucifer Movie Review by BMK | Starring Mohanlal | Prithviraj Sukumaran | Vivek Oberoi | Manju Warrier | Tovino Thomas | Indrajit Sukumaran
Next articleKottayam Fish Curry – One of Kerala’s delicacy you can’t miss out
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here