Movie Review- “Odiyan”
Cast and Crew:
Starring: Mohanlal, Prakash Raj, Manju Warrier, Narien, Kailash, Innocent, Nandu etc
Directed by: V.A. Shrikumar Menon
Produced by: Antony Perumbavoor
Screenplay by: Harikrishnan
Narrated by: Mammootty
Music by: M.Jayachandran
B.G.M by: Sam C. S.
Production Design: Prashanth Madhav
Action Choreography: Peter Hein
Cinematography: Shaji Kumar
Edited by: Johnkutty
Release date: 14 December 2018
Running time: 167 minutes
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച “ഒടിയൻ” പ്രദർശനത്തിനെത്തി… സമീപകാലൊത്തൊന്നും ഒരു മലയാള സിനിമയും ഇത്ര ഏറെ പ്രതീക്ഷയോടെ കാണുവാൻ പ്രേക്ഷക സമൂഹം കാത്തിരിന്നിട്ടുണ്ടാവില്ല.
അത്രയേറെ വാർത്താപ്രാധാന്യം റിലീസിന് മുൻപ് ചിത്രം നേടിയിരുന്നു. പിന്നെ പരസ്യരംഗത്തു നിന്നും പഠിച്ച മാർക്കറ്റിംഗ് തന്ത്രങ്ങളെല്ലാം, സംവിധായകൻ വാരിക്കോരി ഓടിയന്റെ പരസ്യത്തിനായി ഉപയോഗിച്ചു. അതിന്റെ ഗുണദോഷങ്ങൾ ചിത്രവും, ചിത്രത്തിന്റെ സംവിധായകനും റിലീസ് ദിവസം മുതൽ നന്നായി അനുഭവിക്കുന്നുമുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ‘ഒടിയൻ’ ഒരു മഹത്തായ ചിത്രമാണോ? അതോ വിമർശകർ ആരോപിക്കുന്നത് പോലെ തീർത്തും നിരാശാജനകമായൊരു ചലച്ചിത്രമാണോ ഒടിയൻ ??
ഇതിന്റെ ഉത്തരം പരിശോധിക്കുന്നു ഈ നിരൂപണത്തിലൂടെ !!
കഥാസാരം:
കേരളത്തിൽ ഒരുകാലത്തു ജീവിച്ചിരുന്നു എന്ന് പറയപെടുന്നവരാണ് ഇരുട്ടിനെ സ്നേഹിക്കുകയും, ഇരുട്ടിന്റെ മറവിൽ കരിമ്പടം പുതച്ചു സ്വന്തം രൂപം പക്ഷി മൃഗാദികളുടെ രൂപമാക്കി മാറ്റി ആളുകളെ ഭയപ്പെടുത്തുന്ന ഒടിവിദ്യ പരിശീലിച്ച ഓടിയന്മാർ. പാലക്കാട്ടുള്ള തേങ്കുറിശ്ശിയിൽ ജീവിച്ചിരുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് രണ്ടു മണിക്കൂർ നാല്പത്തിയേഴു മിനിറ്റ് ദൈര്‍ഘ്യമുള്ള “ഒടിയൻ” എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്ത് ഹരികുമാറും സംവിധായകൻ വി എ ശ്രീകുമാർ മേനോനും പറയുന്നത്…!!
വാരണാസിയിൽ നിന്നുമാണ് ഒടിയൻ ആരംഭിക്കുന്നത്….
അവിടെ വെള്ളത്തിൽ മുങ്ങിത്താഴുന്ന ഒരു സ്ത്രീയെ താടിയും മുടിയും നീട്ടിവളർത്തി സന്യാസ വേഷധാരിയായ ഒരാൾ രക്ഷിക്കുന്നു….. ബോധം തിരിച്ചു കിട്ടിയ ആ സ്ത്രീ അയാളെ തിരിച്ചറിയുന്നു…മാണിക്യൻ…!!!
തേങ്കുറിശ്ശിയിൽ നിന്നും പതിനഞ്ചു വർഷം മുൻപ് ആരോടും പറയാതെ നാട് വിട്ട ഒടിയൻ മാണിക്യൻ!!! വാരണാസിയിൽ നിന്നും മാണിക്യൻ തേങ്കുറിശ്ശിയിൽ തിരിച്ചുവരുന്നു.. ചില തീരുമാനങ്ങളുമായി…!!! അവിടെ മാണിക്യന്റെ സുഹൃത്തായ ചായക്കട നടത്തുന്ന ദാമോദരൻ നായർ ഉണ്ട് (സിദ്ദിഖ്)…!! മാണിക്യന്റെ കളികൂട്ടികാരിയായിരുന്ന എന്നാൽ പതിനഞ്ചു വർഷം കൊണ്ട് ജീവിത സാഹചര്യങ്ങൾ മാറിമറിഞ്ഞ പ്രഭയും (മഞ്ജു വാരിയർ), പ്രഭയുടെ അന്ധയായ സഹോദരി മീനാക്ഷിയും, (സനാ അൽത്താഫ്) ഉണ്ട്… പിന്നെ കരിപുരണ്ട മുഖവും മനസ്സുമായി പ്രഭയോടുള്ള അന്ധമായ അഭിനിവേശവുമായി ജീവിക്കുന്ന രാവുണ്ണിയും (പ്രകാശ് രാജ്)..!!
ഇരുട്ടിനെ സ്നേഹിക്കുന്ന മാണിക്യന് വെല്ലുവിളിയുയർത്തി നാട്ടിൽ വഴി വിളക്കുകൾ സ്ഥാപിക്കപ്പെട്ടു … ഒടിവിദ്യയിലൂടെ പേടിപ്പിക്കുവാൻ മാണിക്യനെ പോരിന് വിളിക്കുവാൻ യുവതലമുറയുണ്ടായി…. !!!!
എന്തിനാണ് മാണിക്യൻ ആരോടും പറയാതെ തേങ്കുറിശ്ശി വിട്ടുപോയത് ???…. പതിനഞ്ചു വർഷത്തിന് ശേഷം മടങ്ങി വരുന്ന മാണിക്യന്റെ ഉദ്ദേശം എന്തായിരുന്നു?? ആരായിരുന്നു പ്രഭ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതൾവിരിയുന്നു “ഒടിയനിലൂടെ”.
കഥ -തിരക്കഥ:
ചിറക്കൽ ശ്രീഹരിയുടെയും, ഇന്ദുവിന്റേയും പ്രണയം പറഞ്ഞ ‘ചന്ദ്രോത്സവത്തിൽ’ നിന്നും, പിന്നെ പ്രണയത്തിൽ ചതിയുടെയും, വഞ്ചനയുടെയും പകയുടെയും കഥ പറഞ്ഞ ‘കളിയാട്ടത്തിൽ’ നിന്നും പ്രചോദനം ഉൾക്കൊണ്ട് രജിക്കപ്പെട്ടതാണ് ഒടിയന്റെ കഥയും തിരക്കഥയും. ഈ കഥകളിൽ പുതുമയ്ക്കായി ഒടിവിദ്യയും ഒടിയന്മാരുടെ ജീവിതവും സന്നിവേശിപ്പിച്ചു എന്നതൊഴിച്ചാൽ പ്രേക്ഷകർക്ക് ഊഹിക്കുവാൻ കഴിയുന്ന പ്രവചനീയമായ രീതിയിലാണ് ഒടിയൻ വികസിച്ചു പൂർണമാവുന്നത്……!!
ഛായാഗ്രഹണം:
“ഒടിയൻ” എന്ന സിനിമയുടെ ഏറ്റവും വലിയ മേന്മ ഷാജികുമാറിന്റെ ഛായാഗ്രഹണ മികവാണ്… പാലക്കാടിന്റെയും അതിരപള്ളിയുടെയും, വാഗമണിന്റെയും വാരാണാസിയുടെയും ദൃശ്യചാരുത അതിമനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു ഷാജി….!!
ഗാനങ്ങൾ – ബി.ജി.എം :
എം.ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ കേൾക്കാൻ സുഖമുള്ളതാണ്.. “കൊണ്ടൊരാം”, “മാനം” എന്നീ ഗാനങ്ങൾ ആലാപനത്തിലും സംഗീതത്തിലും കൂടുതൽ മികവ് പുലർത്തുന്നു. എന്നാൽ എല്ലാ ഗാനങ്ങളും ചിത്രം ആവശ്യപെടുന്നുണ്ടോ എന്നതും സംശയമാണ്…!!
സാം സി.സ് (Sam.C.S) ഒരുക്കിയ ബി.ജി എം ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു..!!
അഭിനയം:
ഒടിയൻ മാണിക്യനായി ആദ്യാവസാനം മോഹൻലാൽ നിറഞ്ഞു നിൽക്കുന്നു “ഒടിയനിൽ”.. ലാലിൻറെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒടിയൻ പ്രേക്ഷകന് സമ്മാനിക്കുന്നു … ഗാനരംഗങ്ങളിൽ മഞ്ജു വാരിയർ കൂടുതൽ സുന്ദരിയായിരിക്കുന്നു. അഭിനയവും മോശമാക്കിയില്ല…
കരിപുരണ്ട മുഖവുമായി വില്ലൻ വേഷത്തിൽ എത്തിയ പ്രകാശ് രാജിന്റെ പ്രകടനം ഗംഭീരമായിരുന്നു. സഹകഥാപാത്രങ്ങളായി വന്ന ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ്, നന്ദു, സന അൽത്താഫ് എന്നിവരും അവരുടെ വേഷങ്ങളിൽ തിളങ്ങി…. പട്ടാളക്കാരൻ പ്രകാശായി എത്തിയ നരെയ്‌നിന്റെ അഭിനയം അത്ര മികച്ചതായി തോന്നിയില്ല….!!
എഡിറ്റിംഗ് :
ജോൺകുട്ടിയാണ് ഒടിയന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് …. ആദ്യപകുതിലെ ചില രംഗങ്ങൾ വല്ലാതെ വലിച്ചുനീട്ടിയതായി അനുഭവപെട്ടു.. മാണിക്യൻ മുത്തപ്പനുമായി(മനോജ് ജോഷി) നടത്തുന്ന സംഭാഷണങ്ങൾ …
അതുപോലെ മാണിക്യൻ, ദാമോദരൻ നായരുമായി(സിദ്ദിഖ്) നടത്തുന്ന സംഭാഷണങ്ങൾ…. ഇവയൊക്കെ രംഗത്തിന്റെ നീളം കൊണ്ട് പ്രേക്ഷകന് മുഷിപ്പ് സമ്മാനിക്കുന്നു.
ഒരു ഇരുപതു മിനുറ്റുകൂടി വെട്ടിമാറ്റിയിരുന്നെങ്കിൽ “ഒടിയൻ” കൂടുതൽ ആസ്വാദ്യകരമായേനെ.
വി ഫ് എക്സ് – ആക്ഷൻ:
പീറ്റർ ഹെയ്‌ൻ ഒരുക്കിയ സംഘട്ടനം എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ ഒരുപാടു പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്… എന്നാൽ “ഒടിയൻ” എന്ന സിനിമയിൽ പുലിമുരുഗനിൽ ഒക്കെ കണ്ട ആ ഒരു മികവ് കാണാൻ സാധിച്ചില്ല എന്നതാണ് സത്യം…!! ക്ലൈമാക്സ് ആക്ഷൻ ഒക്കെ ഒരു വ്യക്തതയില്ലാതെ പെട്ടെന്ന് ചെയ്തു തീർത്ത അനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഇതിലും ഒരുപാടു മനോഹരമാക്കുവാൻ പീറ്റർ ഹെയ്‌നെ പോലൊരു ചിലവേറിയ ആക്ഷൻ കൊറിയോഗ്രാഫർക്കു കഴിയുമായിരുന്നു….!!
സംവിധാനം:
ഒരു ബ്രഹ്മാണ്ഡ വിസ്മയ ചിത്രം എന്ന സംവിധായകന്റെ അവകാശ വാദം മാറ്റി നിർത്തിയാൽ ശ്രീകുമാർ മേനോൻ ആദ്യാവസാനം കണ്ടിരിക്കാൻ കഴിയുന്നൊരു “സാധാരണ” ചിത്രമായി ഒടിയൻ ഒരുക്കിയിട്ടുണ്ട് …!! ഒടിവിദ്യ ചെയ്യുന്ന ഒടിയൻ മാണിക്യന്റെ ജീവിത കഥയിൽ പ്രണയവും പകയും പാട്ടുകളും ഒക്കെ ചേർത്ത് ഒരു മാസ്സിനും ക്ലാസ്സിനും ഇടയിൽ നിൽക്കുന്ന ഒരു സാധാരണ ചിത്രം അദ്ദേഹം ഒരുക്കി.!! സംവിധാനത്തിൽ ചില പോരായ്മകൾ ഉണ്ട് എന്നത് വിസ്മരിക്കാനാവില്ല… സംഘടന രംഗങ്ങൾ ചിത്രീകരിച്ചപ്പോഴും, കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ ഉപയോഗത്തിലും ഒക്കെ ഈ പോരായ്മ ദൃശ്യമാണ്..
ആദ്യപകുതിയിൽ പല രംഗങ്ങളും ഒതുക്കി പറയാതെ വലിച്ചുനീട്ടി പറഞ്ഞതും ചിത്രത്തിന്റെ ആസ്വാദ്യതയിൽ രസംകൊല്ലിയായി ഭവിച്ചു!!
സാരാംശം:
യാഥാർഥ്യത്തിനു മുകളിൽ കെട്ടിപ്പൊക്കിയ അവകാശവാദങ്ങളും അവിശ്വസനീയമായ പരസ്യ കോലാഹലങ്ങളും അത് നൽകിയ ഭീമമായ പ്രേക്ഷക പ്രതീക്ഷകളെ ത്രിപ്തിപെടുത്താത്തതുമാണ് “ഒടിയനും” ഒടിയന്റെ സംവിധായകനായ ശ്രീകുമാർ മേനോനും ഇപ്പോൾ നേരിടുന്ന വിമർശനകൾക്കും പ്രതിഷേധങ്ങൾക്കും കാരണം. ഓരോ ചിത്രവും അർഹിക്കുന്ന ഒരു പരസ്യ തന്ത്രവും അവകാശവാദങ്ങളുമുണ്ട് … അതിനു മുകിൽ ആര് എന്ത് ചെയ്താലും അത് നിലനിൽക്കില്ല എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് “ഒടിയൻ” !!!
ഇതെല്ലാം മാറ്റി നിർത്തി ഒരു സാധാരണ മലയാള ചിത്രമായി സമീപിച്ചാൽ നല്ല പാട്ടുകളും, ഷാജികുമാറിന്റെ മികച്ച ക്യാമറ കാഴ്ചകളും, മോഹൻലാൽ, മഞ്ജു വാരിയർ, പ്രകാശ് രാജ് എന്നിവരുടെ നല്ല അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ “ഒടിയൻ” തീയേറ്ററിൽ സംതൃപ്തി നൽകുന്ന ഒരു ദൃശ്യാനുഭവം നല്കുമെന്നതിൽ സംശയമില്ല…!!!
Rating: 3/5
Review By:B.M.K