Home Movie Review Lucifer Movie Review by BMK | Starring Mohanlal | Prithviraj Sukumaran |...

Lucifer Movie Review by BMK | Starring Mohanlal | Prithviraj Sukumaran | Vivek Oberoi | Manju Warrier | Tovino Thomas | Indrajit Sukumaran

950
0
SHARE

Movie Review: “Lucifer

സമീപ കാലത്തൊന്നും മലയാളി പ്രേക്ഷകർ ഒരു സിനിമയ്‌ക്കായി ഇത്രയേറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും   കാത്തിരിന്നിട്ടുണ്ടാവുകയില്ല…

Cast and Crew:

Directed by: Prithviraj Sukumaran
Produced by: Antony Perumbavoor
Written by: Murali Gopy
Music by: Deepak Dev
Cinematography: Sujith Vaassudev
Edited by: Samjith Mohammed
Starring: Mohanlal, Prithviraj Sukumaran, Vivek Oberoi, Manju Warrier, Tovino Thomas, Saikumar, Indrajith Sukumaran, Baijju etc.

ഒരു മോഹൻലാൽ ആരാധകനായ പൃഥ്വിരാജ് താരരാജാവിന്റെ ആരാധകർക്കായി ആദ്യമായി സംവിധാനം ചെയ്തവതരിപ്പിക്കുന്ന  മാസ്സ് ചിത്രം എന്ന നിലയിൽ  ആദ്യം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു “ലൂസിഫർ”. റിലീസിംഗിന് മുൻപ് ചിത്രത്തിന്റേതായി വന്ന കിടിലൻ ട്രെയ്‌ലറും, പോസ്റ്ററുകളും പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി…

മോഹൻലാലിനെ കൂടാതെ വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്, മഞ്ജു വാരിയർ, ടോവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയും കൂടി ചേർന്നപ്പോൾ “ലൂസിഫർ” എന്ന ചിത്രം സമാനതകളില്ലാത്ത രീതിയിൽ പ്രേക്ഷകർ ആകാംക്ഷയോടെ റിലീസിനായി ആഗ്രഹിച്ചു കാത്തിരിക്കുന്ന  ‘ഒരു വലിയ ചിത്രമായി’ മാറി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ  നിർമിച്ചു പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “ലൂസിഫർ” എന്ന ചിത്രം പ്രേക്ഷകർക്ക് നൽകുന്ന കാഴ്ച്ചാനുഭവങ്ങളാണ് ഈ  നിരൂപണത്തിലൂടെ പങ്കുവെയ്ക്കുന്നത്.

കഥാസാരം:

കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്നു പി.കെ രാംദാസ് (സച്ചിൻ ഖദേകർ) അകാലത്തിൽ അന്തരിക്കുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആ സ്ഥാനത്തിനായി പാർട്ടിയിൽ അധികാര വടംവലി ആരംഭിക്കുന്നു.

രാംദാസിന്റെ മക്കളായ ജതിൻ ദാസ്(ടോവിനോ), പ്രിയദർശിനി രാംദാസ് (മഞ്ജുവാരിയർ), പ്രിയദർശിനിയുടെ രണ്ടാം ഭർത്താവു ബോബി (വിവേക് ഒബ്‌റോയ്), പാർട്ടിയിലെ മുതിർന്ന നേതാവ് വർമ്മ (സായികുമാർ) ഇവരാണ് പുതിയ രാഷ്ട്രീയ നാടകത്തിലെ മുൻനിര കഥാപാത്രങ്ങൾ. അധികാരത്തിനു വേണ്ടിയും, വഴിവിട്ട സാമ്പത്തിക നേട്ടത്തിനുമായി തന്ത്രങ്ങളും കുതന്ത്രങ്ങളും നടത്തുന്നതു പ്രധാനമായും ബോബിയാണ്.

ഈ രാഷ്ട്രീയ കരുനീക്കങ്ങൾക്കിടയിൽ പുതിയ കളിയുമായി അവൻ വരുന്നു – സ്റ്റീഫൻ നെടുമ്പള്ളി (മോഹൻലാൽ)

ചിത്രത്തിൽ സത്യാന്വേഷകനായി വേഷമിടുന്ന ഗോവർധൻ (ഇന്ദ്രജിത്) പറയുന്ന പോലെ ഹിന്ദുക്കൾക്ക് അവൻ മഹിരാവണൻ.. മുസ്ലിമുകൾക്കു ഇബലീസ് … ക്രിസ്താനികൾക്കു “ലൂസിഫർ”.

ഇവരുടെ അധികാരത്തിനു വേണ്ടിയുള്ള  പോരാട്ടത്തിന്റെയും, തിന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും കഥയാണ് രണ്ടു മണിക്കൂർ അമ്പതു മിനുട്ടു ദൈര്‍ഘ്യമുള്ള ‘ലൂസിഫർ’ പറയുന്നത്.

മലയാള സിനിമയിൽ ആരും കൈവെയ്ക്കാൻ മടിക്കുന്ന പ്രേമേയങ്ങൾ ശക്തമായി എഴുതി ഫലിപ്പിക്കാൻ കഴിയുന്ന പ്രതിഭയാണ് മുരളിഗോപി എന്ന് അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളിലൂടെ തെളിയിച്ചതാണ്. എന്നാൽ പലപ്പോഴും ഒരു പാട് സംഘീർണ്ണമായ വിഷയങ്ങൾ പരീക്ഷണസ്വഭാവത്തിൽ അവതരിപ്പിച്ചതുകൊണ്ടാവണം വലിയ വാണിജ്യ വിജയം കൈവരിക്കുവാൻ അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾക്ക് കഴിയാതെ പോയത്.

എന്നാൽ ലൂസിഫറിൽ മുരളി യാതൊരു പരീക്ഷണത്തിനും മുതിരാതെ, മോഹൻലാൽ എന്ന താരത്തിന്റെ ജനപ്രിയത പരമാവധി ഉപയോഗിച്ചുകൊണ്ട് ഒരു കൊമേർഷ്യൽ പക്കാ മാസ്സ് ചിത്രത്തിനാവശ്യമായ  ചേരുവകകൾ കൃത്യമായി ചേർത്തുകൊണ്ടാണ് ലൂസിഫറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുമ്പോഴും അതിൽ അധോലോകവും, നാർക്കോട്ടിക് ബിസിനസ്സും, ഡ്രഗ് മാഫിയയും എല്ലാം കഥാ സന്ദർഭങ്ങളായി കടന്നു വരുന്നു. കാശിനു വേണ്ടി മാധ്യമ ധർമ്മം മറക്കുന്ന വർത്തമാനകാല മാധ്യമങ്ങളെ പരിഹസിക്കുവാനും, ആനുകാലിക കേരള രാഷ്ട്രീയത്തിലെ അന്തർനാടകങ്ങളെ വിമർശിക്കുവാനും മുരളി തന്റെ തിരക്കഥയിലൂടെ ശ്രമിച്ചിരിക്കുന്നു.

ദീപക് ദേവ് ഒരുക്കിയ പുതുമയാർന്ന പശ്ചാത്തലസംഗീതമാണ്  ലൂസിഫറിനെ കൂടുതൽ ചടുലവും, ത്രില്ലിങ്ങും ആക്കുന്നത് …. ഓരോ കഥാപാത്രത്തിനും  വ്യത്യസ്തവും, എന്നാൽ വശ്യവുമായ ബി.ജി.എം ഒരുക്കിയ ദീപക് ദേവ് കയ്യടി നേടുന്നു.

സാധാരണ ഇത്തരം വലിയ കൊമേർഷ്യൽ ചിത്രങ്ങളിലെ സ്ഥിരം സാന്നിത്യമായ പീറ്റർ ഹെയ്‌ൻ ലൂസിഫറിൽ  ഇല്ല…. ലൂസിഫറിലെ ആക്ഷൻ ഒരിക്കിയിരിക്കുന്നത് സ്റ്റണ്ട് സിൽവയാണ്. നല്ല രീതിയിൽ തന്നെ  സ്റ്റണ്ട് കൊറിയോഗ്രാഫി അദ്ദേഹം നിർവഹിച്ചിരിക്കുന്നു. സംജിത് മൊഹമ്മദിന്റെ എഡിറ്റിംഗും മോശമായില്ല.

പൃഥ്വിരാജ് പണിയറിയാവുന്ന  സംവിധായകനാണെന്നു ആദ്യ ചിത്രമായ ലൂസിഫറിലൂടെ തെളിയിച്ചിരിക്കുന്നു. മോഹൻലാൽ എന്ന നടനെ പ്രേക്ഷകർ എങ്ങെനെ കാണാൻ ആഗ്രഹിച്ചോ, അത് കൃത്യമായി നല്കാൻ പ്രിത്വിയ്ക്കു കഴിഞ്ഞിരിക്കുന്നു. ലൂസിഫർ തീർച്ചയായും ഒരു വലിയ ചിത്രമാണ്. വലിയ ക്യാൻവാസും, ഒരുപാടു ലൊക്കേഷനും, ആളും, ആരവവും, നീണ്ട താരനിരയുമൊക്കെയുള്ള ചിത്രം.

ഏകദേശം മൂന്ന് മണിക്കൂർ നീളമുള്ള ചിത്രത്തെ  അല്പം പോലും ലാഗില്ലാതെയും, പ്രേക്ഷകനെ മുഷിപ്പിക്കാതെയും പിടിച്ചിരുത്തുക എന്ന ശ്രമകരമായ ദൗത്യം, പ്രിത്വി വിജയകരമായ രീതിയിൽ നിർവഹിച്ചിരിക്കുന്നു. ആൾക്കൂട്ടവും, മാസ്സ് സീൻസുമെല്ലാം കൈയടക്കത്തോടെ  മികച്ച ഷോട്ട് സെലെക്ഷനും, ആംഗിളും  ഉപയോഗിച്ചു ചിത്രീകരിച്ചിരിക്കുന്നു. മികവാർന്ന ദൃശ്യങ്ങൾ ഒരുക്കിയതിൽ സുജിത് വാസുദേവിന്റെ ഛായാഗ്രഹണ മികവും എടുത്തു പറയേണ്ടതാണ്.

മോഹൻലാൽ നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ അത് ലോക ക്ലിഷേയ്  ആയി പോകും. പകരം ലാലേട്ടൻ എങ്ങെനെ സ്‌ക്രീനിൽ വരണം, എന്തൊക്കെ മാനറിസം കാണിക്കണം എന്ന് മോഹൻലാലിൻറെ ആരാധക വൃന്ദം ആഗ്രഹിക്കുന്നുവോ അതിനേക്കാൾ രണ്ടിരട്ടി പ്രഭാവത്തോടെ സ്‌ക്രീനിൽ സ്റ്റീഫൻ നെടുമ്പള്ളിയായി അവതരിച്ചിരിക്കുന്നു ലാലേട്ടൻ.

മോഹൻലാൽ എന്ന നടന്റെ കണ്ണുകളും, കൈവിരലുകളും, മുണ്ടു മടക്കികുത്തും, മീശപിരിയും, ജീപ്പും, മാസ്സ് സംഭാഷണവും, ആക്ഷനും അങ്ങനെ  പ്രേക്ഷർക്ക് ആഘോഷിക്കാനും അർമാദിക്കാനും ഉള്ള എല്ലാം വിഭവങ്ങളും കൃത്യമായി നൽകുന്നു ലൂസിഫറിൽ ലാലേട്ടൻ.

വിനീതിന്റെ ശബ്ദത്തിൽ വില്ലനായി എത്തുന്ന വിവേക് ഒബ്‌റോയ് ഗംഭീര അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മഞ്ജു വാരിയറിനു  വലിയ അഭിനയ പ്രാധാന്യമുള്ള വേഷമൊന്നും അല്ല ഇതിലെ പ്രിയദർശനി…. ചെറിയ വേഷമാണെങ്കിലും സ്‌ക്രീനിൽ കയ്യടി നേടുന്ന മറ്റൊരു താരം ടോവിനോ തോമസാണ്.

സംഭാഷണവും, പ്രകടനവും കൊണ്ട് ബൈജുവും, മിതമാർന്ന അഭിനയത്തിലൂടെ  കലാഭവൻ ഷാജോണും ഇരുത്തം വന്ന അഭിനയത്തിലൂടെ സായ്‌കുമാറും അവരവരുടെ വേഷങ്ങൾ മികച്ചതാക്കി.

ഒരു പക്കാ മാസ്സ് എന്റർടെയ്നറായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ലൂസിഫർ. അതുകൊണ്ടു തന്നെ അതിൽ കഥയുടെ യുക്തിയോ കഥാസന്ദർഭങ്ങളുടെ ശെരി തെറ്റുകളോ ആഴത്തിൽ ചികഞ്ഞു നോക്കുന്നതിൽ പ്രസക്തിയില്ല.

വിസിലടിക്കാനും, കയ്യടിക്കാനും, ആർപ്പുവിളിക്കാനും കഴിയുന്ന ഒരു കൊമേർഷ്യൽ ചിത്രം…അതാണ് ലൂസിഫർ.

ഏറ്റവും മികച്ച ദൃശ്യ-ശ്രവ്യ സാങ്കേതിക സംവിധാനങ്ങളുള്ള ഒരു തീയേറ്ററിൽ ഒരു പോപ്‌കോണുമായി കയറി മുന്ന് മണിക്കൂർ എല്ലാം മറന്നു ആസ്വദിക്കാൻ കഴിയുന്ന വാണിജ്യ സിനിമയുടെ എല്ലാ ചേരുവകകളും സമാസമം ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ഒരുക്കിയ ലാലേട്ടന്റെ “ലൂസിഫർ”.

Rating: 4.25/5
Review by :B.M.K

SHARE
Previous articleIndian film playback singer Unni Menon to lead “Swararaga Sandhya” music show in London
Next articleMadhuraraja Movie Review by BMK | Starring Mammootty
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here