Home Movie Review Masterpiece Movie Review by BMK | Starring Mammootty

Masterpiece Movie Review by BMK | Starring Mammootty

704
0
SHARE

Movie Review:”Masterpiece” By Balu Murali Krishna [BMK]

Language:Malayalam

Cast and crew:

Direction:  Ajai Vasudev
Producer:   C. H. Muhammed
Screenplay: Uday Krishna
Music : Deepak Dev
Cinematography: Vinod Illampally
Editor: Johnkutty

Starring:

Mammootty,Varalaxmi Sarathkumar, Unni Mukundan, Poonam Bajwa, Gokul Suresh,Maqbool Salmaan,Mukesh, Kalabhavan Shajohn, Santhosh Pandit, Anjali Nair, and Mahima Nambiar.

Running time:2 hours and 40 minutes

കഥാസാരം:

നഗരത്തിൽ ഉള്ള വിശാലമായ ഒരു കോളേജ് ക്യാമ്പസ്…അവിടെ നിസാരമായ കാര്യങ്ങൾക്കു വേണ്ടി പോലും സംഘർഷത്തിൽ ഏർപ്പെടുന്ന രണ്ടു പ്രബലമായ സ്റ്റുഡന്റസ് ഗ്രൂപ്പുകൾ ..റോയൽ വാരിയർസ് എന്നും റിയൽ ഫൈറ്റേഴ്സ് എന്നും ഈ ഗ്രൂപ്പുകൾ കോളേജിൽ അറിയപ്പെടുന്നു…

അടിയും, കള്ളുകുടിയും,കഞ്ചാവും, പ്രേമവും ഒക്കെയായി കോളേജ് ദിവസങ്ങൾ കടന്നു പോകുന്നു….അതിനിടയിൽ അവിചാരിതമായി ഒരു പെൺകുട്ടി കൊല്ലപ്പെടുന്നു…അതിനെത്തുടർന്ന് അന്വേഷണവിധേയമായി  അറസ്റ്റ് ചെയ്യപ്പെടുന്ന മറ്റൊരു വിദ്യാർത്ഥി

ആത്മഹത്യ ചെയ്യുന്നു…വിദ്യാർത്ഥികളും പോലീസുമായി സംഘർഷം ഉണ്ടാവുകയും വലിയ വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിക്കുകയും  ചെയ്യുന്നു….

ഈ സംഭവവികാസങ്ങൾക്കിടയിൽ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന കഥാനായകൻ രംഗപ്രവേശം ചെയ്യുന്നു.ഒടുവിൽ പ്രൊഫസറും കുട്ടികളും ചേർന്ന് കൊലപാതകിയേയും കൊല ചെയ്യാനുണ്ടായ സാഹചര്യവും കണ്ടെത്തുന്നതോടെ ചിത്രം  ശുഭപരമായി അവസാനിക്കുന്നു ….

നിരൂപണം:

ഒരു പാട് നെഗറ്റീവ് റിവ്യൂവുകളും ട്രോളുകളും,വിമർശനങ്ങളും,ചൂടേറിയ ചർച്ചകളും “മാസ്റ്റർപീസ് ” എന്ന സിനിമയെ സജ്ജീവമാക്കുന്ന അവസരത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാതെ തീയേറ്ററിൽ പോയി കണ്ട ചിത്രമാണ്

മമ്മൂട്ടി- ഉദയകൃഷ്ണ-അജയ്‌വാസുദേവ് ടീമിന്റെ “മാസ്റ്റർപീസ്”.

ഈ സിനിമ പച്ചയായ മനുഷ്യരുടെ കഥയോ ജീവിതഗന്ധിയായ  കഥാപശ്ചാത്തലമോ അല്ല പ്രേക്ഷകരുമായി സംവേദിക്കാൻ ശ്രമിക്കുന്നത്…..

ഉത്സവകാലത്തു മെഗാസ്‌റ്റാറിന്റെ ഫാൻസിനെ പ്രധാനമായും ലക്ഷ്യമിട്ടു കച്ചവട താല്പര്യം മാത്രം മുൻനിർത്തി അണിയിച്ചൊരുക്കിയ ഒരു പക്കാ മാസ്സ് മസാല എന്റർറ്റൈനെർ ആണ് “മാസ്റ്റർപീസ്”.

അങ്ങെനെ മാത്രം സമീപിച്ചാൽ രണ്ടു മണിക്കൂർ നാൽപതു മിനിറ്റ് ഉള്ള ഈ ചിത്രം നമ്മളെ അധികം നിരാശപ്പെടുത്തില്ല.

പരസ്പരം അടി കൂടുന്ന രണ്ടു ഗ്രൂപ്പുകളുള്ള ഒരു കോളേജ് ക്യാമ്പസ്സിലേക്കു പുതിയ ഒരു പ്രൊഫസർ കടന്നു വരുന്നു എന്നതിൽ ഒതുങ്ങുന്നു ഓണത്തിന് തീയേറ്ററുകളിൽ എത്തിയ “വെളിപാടിന്റെ പുസ്തകം” എന്ന ചിത്രവുമായി ഉള്ള മാസ്റ്റർപീസിന്റെ സാമ്യം….

അഭിനയം:

നടപ്പിലും,രൂപത്തിലും,ഭാവത്തിലും, വേഷത്തിലും,പ്രകടനത്തിലും പതിവുപോലെ മമ്മൂട്ടി കസറി…തന്റെ ആരാധകരെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണവും,രംഗങ്ങളും അറിഞ്ഞാസ്വദിച്ചു അവതരിപ്പിച്ചിട്ടുണ്ട് മെഗാസ്റ്റാർ…

പ്രകടനത്തിൽ കലാഭവൻ ഷാജോണും,  മുകേഷും നല്ല നിലവാരം പുലർത്തിയപ്പോൾ ഗോകുൽ സുരേഷ്‌ഗോപി നിരാശപ്പെടുത്തി… ഭാവാഭിനയം ആവശ്യമില്ലാത്ത മസിൽമാൻ ആക്ഷൻ വേഷം ഉണ്ണി മുകുന്ദൻ നന്നായി കൈകാര്യം ചെയ്തപ്പോൾ ഒരു ഭാവം മാത്രം സ്ഥായിയായി പ്രകടിപ്പിച്ചു ഭവാനി  ഐ.പി. എസ് എന്ന പോലീസ്  വേഷം ആകർഷകമായി അവതരിപ്പിച്ചു വരലക്ഷ്മി ശരത്കുമാർ.കോളേജ് ക്യാമ്പസ് ചിത്രങ്ങളുടെ അനിവാര്യമായ ക്ലിഷേയ് കഥാപാത്രമായി തന്റെ അംഗലാവണ്യം പ്രദർശിപ്പിച്ചു സ്ക്രീനിൽ ആവശ്യമില്ലാതെ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നു

പൂനം ബ്ജവയുടെ കോളേജ്  ടീച്ചർ കഥാപാത്രം..

സന്തോഷ് പണ്ഡിറ്റ് ഈ ചിത്രത്തിന്റെ ഭാഗമാവുന്നു എന്നത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു എങ്കിലും ആ പ്രാധാന്യം അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അണിയറശില്പികൾ നൽകിയില്ല എന്നതും വസ്തുതയാണ്..

ചിരിപ്പിക്കാൻ വേണ്ടി മാത്രം മനപ്പൂർവം കൊണ്ടുവന്ന ക്യാപ്റ്റൻ രാജുവിന്റെ പഴയ പവനായി എന്ന കഥാപാത്രം ആദ്യം ചിരിപ്പിക്കും എങ്കിലും പിന്നീട് കോമാളിത്തരത്തിലേക്കു വഴിമാറുന്നു.

കഥ- തിരക്കഥ-സംഭാഷണം:

ഒരു പക്കാ മാസ്സ് മസാല ചിത്രത്തിന് വേണ്ട ചേരുവകകൾ  സമാസമം ചേർത്താണ് ഉദയകൃഷ്ണ ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്..കൊലപാതകിയാവുന്ന കഥാപാത്രവും കൊലപാതകത്തിന്റെ കാരണവും സസ്പെൻസ് നിലനിർത്തിക്കൊണ്ടു തന്നെ യുക്തിസഹമായി അവതരിപ്പിച്ചിരിക്കുന്നു.

എന്നാൽ നിരന്തരം പല ഭാഷകളിലെ സിനിമകൾ കാണുന്ന ഒരു ശരാശരി പ്രേക്ഷകന് ഊഹിക്കാൻ കഴിയുന്ന പ്രവചനീയമായ ക്ലൈമാക്സ് ട്വിസ്റ്റ് തിരക്കഥാകൃത്തിന്റെ പരാജയം തന്നെയാണ് ….പിന്നെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ചുള്ള സമകാലീന സംവാദങ്ങൾക്ക് വ്യക്തമായ മറുപടി എന്ന നിലയിൽ ഇതിലെ പ്രൊഫസർ എഡ്‌വേഡ്‌  “ഐ റെസ്‌പെക്ട്  വുമൺ” എന്ന് ഒരു ഡസൻ തവണ ആവർത്തിച്ച് പറിയിപ്പിക്കുന്നതിലെ ബുദ്ധി അഭിനന്ദനം അർഹിക്കുന്നു.

സംഘട്ടനം:

ഒരു ആക്ഷൻ ത്രില്ലെർ എന്ന നിലയിൽ ആണ് മാസ്റ്റർപീസ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്….എന്നാൽ ആക്ഷൻ രംഗങ്ങളുടെ അതിപ്രസരവും, അമാനുഷികവും,അതിഭാവുകത്വവും  നിറഞ്ഞ സംഘട്ടന സീനുകളുടെ ചിത്രീകരണവും തെലുങ്ക്- കന്നഡ സിനിമകളെ തോൽപിക്കും  എന്ന വിമർശകരുടെ വാദത്തെ സാധൂകരിക്കുന്നു.

സംവിധാനം:

ഒരു ശരാശരി മാസ്സ് മസാല മെഗാസ്റ്റാർ ചിത്രം ഒരുക്കി എന്നതിനപ്പുറം അവതരണത്തിലോ ആഖ്യാനരീതിയിലോ മേക്കിങിലോ യാതൊരു പുതുമയും കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ഒരു വലിയ പോരായ്മ തന്നെയാണ്.കാർ ചേസിങും,ഏരിയൽ ഫൈറ്റ്സും,സ്ലോമോഷനും,ക്ലോസ്അപ്പും  എല്ലാം നമ്മൾ ഇത്തരം പല ചിത്രങ്ങളിൽ ആവർത്തിച്ച് കണ്ടിട്ടുള്ളതിനാൽ അത്തരം രംഗങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നില്ല….

സംഗീതം-ബി ജി എം:

തുടക്കം മുതൽ ഒടുക്കം വരെ ഉച്ചസ്ഥായിയിൽ  ഉള്ള ബി ജി എം ചിലപ്പോൾ എങ്കിലും കല്ലുകടി ഉളവാക്കുന്നു.”മധുമൊഴി” എന്ന് തുടങ്ങുന്ന ഗാനം നല്ല നിലവാരം  പുലർത്തി..

ഛായാഗ്രഹണം -എഡിറ്റിംഗ്:

ഒരു ആക്ഷൻ ത്രില്ലെർ സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കപ്പെട്ടിരിക്കുന്നു.

ഉപസംഹാരം:

കെട്ടുറപ്പുള്ള,ശക്തമായ ഒരു തിരക്കഥയും ആവശ്യമില്ലാത്ത കഥാപാത്രങ്ങളെയും ആവർത്തന വിരസമായ  അമാനുഷിക സംഘടനാ രംഗങ്ങളും  ഒഴുവാക്കി  പുതുമയുള്ള അവതരണ രീതിയിൽ അവതരിപ്പിച്ചിരുന്നു എങ്കിൽ ഇപ്പോൾ  നാം  തീയേറ്ററിൽ കാണുന്ന “മാസ്റ്റർപീസ്” ഇതിലും മികച്ച ഒരു ഉത്സവകാല എന്റർടൈൻമെന്റ് അനുഭവമായി മാറുമായിരുന്നു…

Rating: 2.5/5 

BMK

SHARE
Previous articleVirat Kohli & Anushka Sharma’s lavish Mumbai wedding reception
Next articleRamesh Pisharody is to make his directorial debut in the film Panchavarna Thatha.
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here