Home Movie Review Njan Marykutty Movie Review by BMK | Starring Jayasurya

Njan Marykutty Movie Review by BMK | Starring Jayasurya

1136
0
SHARE

Movie Review: “Njan Marykutty

Cast and Crew:

Direction:Ranjith Sankar
Produced by:Ranjith Sankar & Jayasurya
Screenplay:Ranjith Sankar
Music & BGM:Anand Madhusoodhanan
Cinematography:Vishnu Narayan
Editor:Sanjan.V
Production company:Dreams and Beyond
Distributed by:Punyalan Cinemas

Release date:15 June 2018
Running time:126 minutes
Language:Malayalam

Starring: Jayasurya, Jewel Mary, Aju Varghese, Innocent, Suraj Venjaramood, Shivaji Guruvayoor, Joju George etc.

സമീപകാലത്തു  മലയാള സിനിമയിൽ ഉണ്ടായ ഹിറ്റ് കൂട്ടുകെട്ടാണ് രഞ്ജിത്ത് ശങ്കർ -ജയസൂര്യ എന്നത്. ഇവർ ഒരുമിക്കുന്ന അഞ്ചാമത് ചിത്രമാണ് ഇപ്പോൾ പെരുന്നാൾ റിലീസ് ആയി തീയേറ്ററിൽ എത്തിയ “ഞാൻ മേരിക്കുട്ടി” എന്ന ചിത്രം. ഒരു ട്രാൻസ്ജെൻഡറിന്റെ കഥപറയുന്ന ഈ സിനിമയുടെ ട്രെയ്‌ലറും, ഗാനങ്ങളും, പോസ്റ്ററുകളും പ്രേക്ഷകന് സമ്മാനിച്ച പ്രതീക്ഷകൾ വളരെ വലുതാണ്. ആ പ്രതീക്ഷകളെ പൂർണമായി തൃപ്തിപെടുത്തിയോ “ഞാൻ മേരിക്കുട്ടി” എന്നാണ് ഈ നിരൂപണം പരിശോധിക്കുന്നത്.

കഥാസാരം:

ജന്മം കൊണ്ട് പുരുഷനായി ജനിച്ചു എങ്കിലും തന്റെ ഉള്ളിലെ ശരീരം ഒരു സ്ത്രീയുടേതാണ്,തന്റെ യഥാർത്ഥ സ്വത്വം സ്ത്രീയാണ് എന്ന തിരിച്ചറിഞ്ഞു മാത്തുക്കുട്ടി എന്ന പുരുഷൻ തന്റെ അച്ഛനും അമ്മയ്ക്കും ഒരു കത്തെഴുതി വീട്ടിൽ നിന്നും ഇറങ്ങുന്നിടത്തു നിന്നുമാണ്”ഞാൻ മേരിക്കുട്ടി” ആരംഭിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു ഒടുവിൽ “അവൻ” പൂർണമായി “അവളായി” മാറുന്നു..മാത്തുക്കുട്ടി അങ്ങനെ  “മേരിക്കുട്ടി” (ജയസൂര്യ) എന്ന പേര് സ്വീകരിച്ചു  തന്റെ ജന്മനാട്ടിൽ തിരിച്ചെത്തുന്നു.

താൻ ഒരു ട്രാൻസ്ജെൻഡർ അല്ല  മറിച്ചു “Trans Sexual” ആണ് എന്ന് സ്വയം വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്യുന്ന മേരികുട്ടിയെ  കാത്തിരുന്നത് പക്ഷേ തിക്താനുഭവങ്ങളാണ്.. നാടും, നാട്ടുകാരും, വീട്ടുകാരും, സമൂഹവും അവഞ്ജയോടെയും, വെറുപ്പോടെയും അവളെ കണ്ടു. പോലീസ് സ്റ്റേഷനിൽ നിന്നുപോലും ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾ അവൾക്കു നേരിടേണ്ടി വരുന്നു.. അപ്പോഴും അവൾക്കു താങ്ങും സ്വാന്ത്വനവുമായി പള്ളിയിലെ വികാരിയച്ചനും (ഇന്നസെന്റ് ), കളികൂട്ടുകാരി (ജ്യൂവെൽ മേരിയും) എപ്പോഴും കൂടെയുണ്ട്.

വികാരിയച്ചൻ മേൽനോട്ടം വഹിക്കുന്ന “Vision F.M”എന്ന റേഡിയോ സ്റ്റേഷനിൽ ആർ. ജെ  ആയി  താത്കാലിക ജോലി ചെയ്യുന്ന മേരികുട്ടിക്ക്‌  ജീവിതത്തിൽ ഒരു വലിയ ലക്ഷ്യമുണ്ട് ….ഒരു പോലീസ്   ഓഫീസർ  ആകുക എന്നത്.. അതിലൂടെ തന്നെ തള്ളിപ്പറഞ്ഞവരെ കൊണ്ട് മേരിക്കുട്ടി സാമൂഹത്തിന്റെ അഭിമാനമാണ് എന്ന് പറയിക്കുക…ആ ലക്ഷത്തിലേക്കു എത്തുവാൻ ശ്രമിക്കുമ്പോൾ മേരികുട്ടിക്കു നേരിടേണ്ടി വരുന്നത് സമൂഹവും,ഭരണകൂടവും സൃഷ്ടിക്കുന്ന പലവിധ വെല്ലുവിളികളാണ്..ഒരു ഭിന്നലിംഗക്കാരി എന്ന തന്റെ  വ്യക്തിത്വത്തെ പൊതുസമൂഹത്തിനെ കൊണ്ട് അംഗീകരിപ്പിക്കാൻ മേരിക്കുട്ടി നടത്തുന്ന തുടർപോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് രഞ്ജിത് ശങ്കർ “ഞാൻ മേരിക്കുട്ടി” എന്ന സിനിമയിലൂടെ ആഴത്തിൽ പറയുന്നത്.

വിശകലനം:

സമൂഹത്തിൽ എന്നും അവഗണനയും,വിമർശനവും, അവഹേളനവും നേരിടേണ്ടി വന്ന,ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഭിന്നലിംഗക്കാർ അല്ലെങ്കിൽ  മൂന്നാം ലിംഗക്കാർ അവകാശത്തിനു വേണ്ടി എന്നും പോരാടേണ്ടി വരുന്നവർ.

കോടതിയും സർക്കാരും  അവരെ  അംഗീകരിച്ചപ്പോഴും സമൂഹം  അവരെ സംശയത്തോടെയും, പുച്ഛത്തോടെയും മാത്രം കണ്ടിരുന്ന ഒരു കാലത്തിൽ നിന്നും ഏറെയൊന്നും ഇപ്പോഴും മുൻപോട്ടു  പോയിട്ടില്ല..ഇന്ന് പല പ്രധാന തസ്തികകളിലും ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ളവർ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരു സർവ്വദേശികമായ സാമൂഹിക പിന്തുണയും അംഗീകാരവും ഇപ്പോഴും ഇവർക്കന്യമാണ്‌.

മലയാള സിനിമയിലാവട്ടെ ഭിന്നലിംഗക്കാർ എന്നും പാർശ്വവത്കരിക്കപ്പെട്ട സമൂഹമാണ്….കോമാളിത്തരം കാണിക്കുന്നവർ, തെരുവ് വേശ്യകൾ,പിടിച്ചുപറിക്കാർ, മോഷണം നടത്തുന്നവർ, വില്ലന്മാരുടെ ലൈംഗിക സഫലീകരണത്തിനായി വഴങ്ങി കൊടുക്കുന്നവർ.

അങ്ങനെ സമൂഹത്തിൽ മോശം കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ക്ലിഷേയ് കഥാപാത്രങ്ങളായി ഒതുങ്ങി പോവാൻ വിധിക്കപ്പെട്ടവരാണ്  സിനിമയിൽ നാളിതുവരെ ട്രാന്സ്ജെന്ഡേഴ്സ്.

ഇവിടെയാണ് രഞ്ജിത് ശങ്കർ എന്ന പ്രതിഭാധനനായ യുവ സംവിധായകന്റെ ശക്തമായ തിരക്കഥയിൽ ഒരുക്കിയ “ഞാൻ മേരിക്കുട്ടി” എന്ന സിനിമയുടെ പ്രസക്തി. ട്രാൻസ്‌ജെൻഡർ ആയ ഒരു വ്യക്തി  ഇന്ന് സമൂഹത്തിൽ അനുഭവിക്കുന്ന ഒറ്റപെടലുകളേയും, നിയമത്തിന്റെ നൂലാമാലകളെയും, വീട്ടുകാരും, നാട്ടുകാരും, പോലീസും, മാധ്യമങ്ങളും പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുന്ന തൊട്ടുകൂടായ്മയെയും, മുന്നേറാനും വിജയിക്കാനുമുള്ള അവസരങ്ങളെ അവർക്കു  നിഷേധിക്കുന്നതും ഉൾപ്പടെയുള്ള വിഷയങ്ങളെ ആഴത്തിൽ പഠിക്കുകയും മൂന്നാം ലിങ്കക്കാരോടുള്ള സമൂഹത്തിന്റെ ഇന്നുള്ള പൊതുബോധത്തിൽ ഒരു മാറ്റം ഉണ്ടാവുകയും വേണം എന്ന ആത്മാർത്ഥമായ ആഗ്രഹത്തോടും വ്യക്തമായ കാഴ്ചപ്പാടോടും കൂടി  രഞ്ജിത് ശങ്കർ അണിയിച്ചൊരുക്കിയ  ചിത്രമാണ്  “ഞാൻ മേരിക്കുട്ടി”.

സിനിമയിൽ ഒരു രംഗത്തും മേരികുട്ടിയെ കോമാളി വേഷം കെട്ടിക്കുന്നില്ല എന്നതും, സിനിമയുടെ ആദ്യാവസാനം മേരിക്കുട്ടി വ്യക്തിത്വമുള്ള ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രമായി പെരുമാറുന്നു എന്നതുമാണ് മറ്റു മുൻകാലത്തിറങ്ങിയ സമാന കഥാപാത്രങ്ങൾ ഉള്ള  സിനിമകിൽ നിന്നും മേരികുട്ടിയെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത്.

ജയസൂര്യ എന്ന നടൻ ഒരു കഥാപാത്രത്തിന്റെ വിജയത്തിനായി നടത്തുന്ന അർപ്പണമനോഭാവവും, ആത്മാർത്ഥമായ പരിശ്രമവും അതിന്റെ ഏറ്റവും മനോഹരമായ രീതിയിൽ പ്രേക്ഷകന് ദൃശ്യമാവുന്ന കഥാപാത്രമാണ് ഇതിലെ മേരിക്കുട്ടി… സസൂക്ഷ്മം അവതരിപ്പിച്ചില്ലെങ്കിൽ പാളിപ്പോകാൻ ഒരുപാടു സാധ്യത ഉള്ള വേഷം.. അംഗവിക്ഷേപവും, ശരീരഭാഷയും, വസ്ത്രധാരണവും മുഖത്തെ ചേഷ്ടകളുമെല്ലാം കൃത്യമായ അളവിൽ പ്രകടിപ്പിച്ചില്ലെങ്കിൽ മറ്റൊരു മിമിക്രി കഥാപാത്രമോ കോമാളി വേഷമോ ആയി മേരികുട്ടിയും മാറിയേനെ.

പക്ഷേ ഭാവോജ്വലമായി മേരികുട്ടിയെ ജയസൂര്യ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നു.ജയസൂര്യയുടെ കരിയറിലെ എണ്ണം പറഞ്ഞ മികവുറ്റ കഥാപാത്രമാണ് മേരിക്കുട്ടി എന്ന് നിസംശയം പറയാം… ഒരുപക്ഷേ ഈ വർഷം ഒരുപാടു പുരസ്‌കാരങ്ങൾ കൊണ്ടും മേരിക്കുട്ടി അംഗീകരിക്കപ്പെട്ടേക്കാം.

പ്രകടനം കൊണ്ട് പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്ന മറ്റൊരു താരം പോലീസ് വേഷത്തിൽ എത്തുന്ന ജോജു  ജോർജ് ആണ്. നല്ല ഉശിരൻ വില്ലൻ കഥാപാത്രം!!

ഇന്നസെന്റ് എന്ന നടന്റെ അനായാസവും മിതവുമാർന്ന അഭിനയം ഒരിക്കൽ കൂടി വീണ്ടും സ്‌ക്രീനിൽ  കാണാൻ  കഴിഞ്ഞ  വേഷമാണ്  ഇതിലെ പള്ളിവികാരിയച്ചൻ.

മേരികുട്ടിയുടെ  കളികൂട്ടുകാരിയായി ജൂവലും, ആർ.ജെ.ആൽവിൻ  ഹെൻറിയായി അജുവർഗീസും  അവരുടെ വേഷങ്ങൾ   ഭംഗിയായി  അവതരിപ്പിച്ചു. മേരികുട്ടിയുടെ അച്ഛനായി ശിവജി ഗുരുവായൂരും അമ്മവേഷത്തിൽ ശോഭാമോഹനും തിളങ്ങി.

“ഞാൻ മേരികുട്ടിയെ”  ഭാവതീവ്രമായ ഒരു സിനിമ അനുഭവമാക്കി തീർക്കുന്നതിൽ  ആനന്ദ് മധുസൂദനൻ  ഒരുക്കിയ മനോഹരമായ പശ്ചാത്തല സംഗീതത്തിന്  ഒരു വലിയ  പങ്കുണ്ട്.

ഒരു നീണ്ട ഇടവേളക്കു ശേഷം ബിജു നാരായണന്റെ സുന്ദര ശബ്ദത്തിൽ പിറന്ന “ദൂരെ ദൂരെ” എന്ന ഗാനവും നല്ല ശ്രവ്യാനുഭവം നൽകുന്നു.

വിഷ്ണു നാരായണൻ ഒരുക്കിയ ഛായാഗ്രഹണവും സാജന്റെ എഡിറ്റിംഗും ചിത്രത്തിന്റെ സാധാരണ ഒഴുക്കിനനുയോജ്യമാണ്… മേരിക്കുട്ടി ധരിക്കുന്ന സാരികൾ ഡിസൈൻ ചെയ്ത സരിത ജയസൂര്യയും മികവ് പുലർത്തി.  ഈ സാരികൾ ഒരുപക്ഷേ  ഇനി ട്രെൻഡിങ്  ആവാനും സാധ്യത ഉണ്ട്.

ഉപസംഹാരം:

പോരായ്മകൾക്കതീതമായ ഒരു കലാസൃഷ്ടിയൊന്നും അല്ല “ഞാൻ മേരിക്കുട്ടി”.. പ്രവചനീയവും   നാടകീയവുമായ രീതിയിൽ അപൂർണമായി ,ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടു കൊണ്ട് അവസാനിക്കുന്ന ക്ലൈമാക്സും, പോലീസ് സ്റ്റേഷൻ രംഗങ്ങളിലെ ക്ലിഷേയ് സന്ദർഭങ്ങളും ഒക്കെ വേണമെങ്കിൽ  പോരായ്മയായി  പറയാമെങ്കിലും അതിനെ “ഞാൻ മേരിക്കുട്ടി” എന്ന സിനിമ മറികടക്കുന്നത്  ട്രാൻസ്‌ജെൻഡർ സമൂഹം അഭിമൂഹീകരിക്കുന്ന പ്രശ്നങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനും, അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ   ചെറുതെങ്കിലും  ഒരു മാറ്റം ഉണ്ടാവണമെന്നുള്ള ആഗ്രഹത്തോടുകൂടി ഒരുപാടു ഹോം വർക്ക് നടത്തി അണിയിച്ചൊരുക്കിയ ചിത്രം എന്ന നിലയിലാണ്….. അതുപോലെ  ട്രാൻസ്‌ജെൻഡർ എന്ന വാക്കിന് പകരമായി,ഒരു  പുതിയ പേരുകൂടി സമ്മാനിക്കുന്നുണ്ട്  രഞ്ജിത് ശങ്കർ ഈ ചിത്രത്തിൽ…”ശിരോ” (SHERO) എന്ന ഈ പേര് ഒരു പക്ഷേ ഭാവിയിൽ ചർച്ച ചെയ്യപെടുന്നുവെങ്കിൽ  അതും ഈ ചിത്രത്തിന്റെ ഒരു വലിയ വിജയമാണ്..സാമൂഹിക പ്രസക്തി ഉള്ള ഇത്തരം വിഷയങ്ങളെ ഗൗരവമായി സമീപിക്കുകയും, സമൂഹത്തിൽ പോസിറ്റീവായ ഒരു മാറ്റം,  അത് എത്ര ചെറുതാണെങ്കിലും,ഒരു സിനിമയിലൂടെ  കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന.

“ഞാൻ മേരിക്കുട്ടി” പോലുള്ള ധീരമായ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചു വിജയിപ്പിക്കേണ്ടത് നല്ല സിനിമകളെ സ്നേഹിക്കുകയും ഇത്തരം ചിത്രങ്ങൾ വീണ്ടും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പ്രേക്ഷക സമൂഹത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്…ഒരിക്കൽ കൂടി “ഞാൻ മേരിക്കുട്ടി” എന്ന സാമൂഹികപ്രസക്തവും ദിശാബോധവുമുള്ള നല്ല ചിത്രം അണിയിച്ചൊരുക്കിയ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഈ നിരൂപണം പൂർത്തിയാക്കുന്നു..

Rating:3.5/5
Review By :
B.M.K
16.06.2016

SHARE
Previous articleWho Movie | Mangal Suvarnan – Who Are You ft. Dhanusha Gokul | Pearle Maaney
Next articleKoode | Paranne Video Song | Starring Prithviraj Sukumaran, Nazriya Nazim, Parvathy | Directed by Anjali Menon | Music Raghu Dixit | Produced by M Renjith
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here